Total Pageviews

Showing posts with label religious. Show all posts
Showing posts with label religious. Show all posts

Thursday, April 5, 2012

അന്ത്യ അത്താഴത്തിലെ മഹിമ...




അന്ന് പെസഹ ആയിരുന്നു.യഹൂദരുടെ ഭാഷയില്‍ പറഞ്ഞാല്‍ കടന്നുപോകലിന്റെ ദിനം. പുളിപ്പില്ലാത്ത അപ്പവും,വീഞ്ഞും അവരുടെ ആഘോഷത്തിന്റെ ഭാഗമായിരുന്നു. തന്റെ ശിഷ്യന്മാരുമൊത്ത് അന്ന് പെസഹ ആഘോഷിക്കുമ്പോള്‍ അവനറിയാമായിരുന്നു അത് തന്റെ അവസാനത്തെ അത്താഴമാണെന്ന്. എങ്കിലും അവിടുന്ന് ആത്മസംയമനം കൈവെടിഞ്ഞില്ല. വേദനകള്‍ ഏറ്റുവാങ്ങാന്‍, അങ്ങനെ താന്‍ ഭൂമിയിലേക്ക്‌ കടന്നു വന്ന ആ വലിയ ദൌത്യം പൂര്‍ത്തിയാക്കാന്‍, അതുവഴി പിതാവിന്റെ ഇഷ്ട്ടം നിറവേറ്റാന്‍ വേണ്ട ആത്മീയവും, ശാരീരികവുമായ ശക്തിക്കായി അവിടുന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.വരാന്‍ പോകുന്ന വേദനകള്‍ , പീഡകള്‍ എത്ര ഭീകരമാണെന്ന് അവിടുന്ന് മുന്‍കൂട്ടി കണ്ടിരുന്നു. അത് നടക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു...എങ്കിലും അനുസ്സരണയുള്ള പിതാവിന്റെ മകനായി ആ കൊടും പീഡകള്‍ സ്വയം ഏറ്റു വാങ്ങാന്‍ തയ്യാറെടുത്തു...

തന്റെ ശിഷ്യസമൂഹത്തെ അവന്‍ അത്താഴമേശക്കുചുറ്റും വിളിച്ചുകൂട്ടി..പെസഹായുടെ ഭാഗമായ പുളിപ്പില്ലാത്ത അപ്പം മുറിക്കുന്ന ചടങ്ങ്..ഒരായിരം ചിന്തകള്‍ അവന്റെ മനസ്സിലേക്ക് കടന്നു വന്നിരിക്കാം..പിറ്റേന്ന് നടക്കാന്‍ പോകുന്ന അതിദാരുണമായ സഹനങ്ങള്‍,കുറ്റമില്ലാത്ത്തവനെ പെരും കുറ്റവാളിയെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കുന്നത്, പച്ചയായ ശരീരത്തില്‍ കുത്തിയിറക്കുന്ന ആണികള്‍ ,അവസാനം കുരിശില്‍ തൂങ്ങി മരണം...എങ്കിലും നമ്മെ സ്നേഹിക്കാനല്ലാതെ അവനു മറ്റൊന്നും അറിയില്ലായിരുന്നു. പരാതി പറയാന്‍ അവനു കഴിയില്ലായിരുന്നു. എന്തിനു വേണ്ടിയാണ് താന്‍ ഇതൊക്കെ സഹിക്കുന്നത് എന്ന് അവന്‍ ചോദിച്ചില്ല..കാരണം അതിലൂടെ മാത്രമേ മനുജകുലത്ത്തിന്റെ പാപപരിഹാരം സാധ്യമാകൂ എന്ന് അവിടുന്ന് അറിഞ്ഞിരുന്നു.

വിരുന്നു മേശക്കു ചുറ്റും ആകാംഷയോടെ ഇരുന്ന സുഹൃത്തുക്കളെ അവന്‍ നോക്കി..ആളികത്തുന്ന തീക്കനല്‍ മനസ്സിലൊതുക്കി, ശാന്തമായി അവന്‍ അവരോടു പറഞ്ഞു.. ഞാന്‍ എന്റെ ശരീരവും, രക്തവും നിങ്ങള്‍ക്ക് തരുന്നു..അത് നിങ്ങളെ നിത്യജീവനിലേക്ക്‌ നയിക്കും..വിമോചനത്തിന്റെ പുതിയ ഒരു ചരിത്രം അവിടെ തുടങ്ങുകയായിരുന്നു..താന്‍ സ്നേഹിക്കുന്ന തന്റെ ജനത്തിന് ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ആത്മാര്‍ഥത ...തന്നെ ഒറ്റിക്കൊടുത്തു, മരക്കുരിശിലെക്കുള്ള തന്റെ പ്രയാണത്തിന്റെ വേഗത കൂട്ടിയവനോടുള്ള സ്നേഹം, ക്ഷമിക്കാന്‍ മാത്രമേ തനിക്കറിയൂ എന്ന് കാണിച്ചുതന്ന മാതൃക..അതാണ്‌ അവിടുന്ന് ആ അന്ത്യ അത്താഴത്തില്‍ നമുക്ക് കാണിച്ചു തന്നത്..ലോകത്താരും ഇതുവരെ കാണിക്കാത്ത ആഴമായ സ്നേഹത്തിന്റെ മാതൃക.. അന്ന് ആ അന്ത്യ അത്താഴത്തില്‍ സ്ഥാപിച്ച വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് നമുക്ക് രക്ഷയുടെ അപ്പം നല്‍കി..പിന്നീടൊരിക്കലും നാം ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ജീവന്റെ അപ്പം..

അവര്‍ക്കാകട്ടെ അവന്‍ പറയുന്നതിന്റെ യഥാര്‍ത്ഥ പൊരുള്‍ പിടികിട്ടിയില്ല..അതിലുപരി പെസഹ ആഘോഷത്തിലായിരുന്നു അവരുടെ ശ്രദ്ധ. പക്ഷെ അതിന്റെ ആഴത്തിലുള്ള അര്‍ഥം അവര്‍ പതിയെ മനസ്സിലാക്കുമെന്ന് അവനറിയാമായിരുന്നു. സ്വന്തം ജീവന്‍ പകുത്ത്തുകൊടുത്തിട്ടും അവന്റെ സ്നേഹത്ത്ഹിന്റെ തീവ്രത അവര്‍ തിരിച്ചറിഞ്ഞില്ല..അവര്‍ അവനെ തള്ളിപ്പറഞ്ഞു, ഒറ്റികൊടുത്തു. എന്നിട്ടും അവനു അവരോടു അനുകമ്പയായിരുന്നു...പത്രോസിന്റെ മനസിന്റെ വേദന തിരിച്ചറിഞ്ഞ അവിടുന്ന് അവനെ സര്‍വ ജനത്തിന്റെയും തലവനാക്കി..യൂദാസ്സാകട്ടെ സ്വയം തെറ്റ് മനസിലാക്കിയെങ്കിലും അവിടുത്തെ അനുകമ്പക്കായി കാത്തില്ല...അതവന്റെ ആത്മാവിന്റെ നഷ്ട്ടപ്പെടുത്തി..

സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും, അധികാരമത്സരങ്ങളും,കാപട്യവും,നീതിയില്ലായ്മയും കൊടികുത്തിവാഴുന്ന ഇന്നത്തെ ലോകത്ത് ജീവിക്കുമ്പോള്‍ ,ശിഷ്യന്മാരുടെ കാലുകള്‍ കഴുകി എളിമയുടെ മാതൃക ലോകത്തിനു നല്‍കിയ ആ സകലേശപുത്രനെ നമുക്ക് സ്മരിക്കാം...അവിടുത്തെ മാതൃക പിന്ചെല്ലാം...അങ്ങനെ പുതിയ ജീവന്റെ പുതിയ പ്രകാശം നമുക്ക് സ്വന്തമാക്കാം...അതിലൂടെ സമാധാനവും സന്തോഷവും കൈവരിക്കാം..