Total Pageviews

Thursday, March 15, 2012

കേരളം വെളുക്കുകയാണ്....



"നിങ്ങള്ക്ക് സാധ്യമായ രീതിയിലെല്ലാം തോന്ന്യാസങ്ങള്‍ കാണിക്കാം...സഭ്യതയുടെ ഏതു അതിര്‍വരമ്പും ഭേദിക്കാം...അസഭ്യതയുടെ ഏതറ്റം വരെയും പോകാം...അതൊന്നും ഞങ്ങള്‍ക്കാര്‍ക്കും ഒരു വിഷയവുമില്ല..എല്ലാം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം കുറെ പേരൊക്കെ തന്റെ "നല്ലനടപ്പ്‌" അറിഞ്ഞു കഴിയുമ്പം, അതല്ലെങ്കില്‍ ആരെങ്കിലും ഒക്കെ രഹസ്യമായും, പരസ്യമായും വിമര്‍ശിക്കാന്‍ തുടങ്ങിക്കഴിയുംബം ഒന്നേറ്റുപറയാനുള്ള "ചങ്കുറപ്പ്" എന്ന് ഓമനപ്പേരിട്ട് ചിലരൊക്കെ വിളിക്കുന്ന ആ "സാധനം" ഉണ്ടായാല്‍ മാത്രം മതി...ഇനി അതില്ലെങ്കിലും വല്യ കുഴപ്പമില്ല....രണ്ടെണ്ണം പിടിപ്പിച്ചിട്ട് അതുണ്ടാക്കിയെടുത്താലും മതി....നിങ്ങളുടെ ജനസമ്മതി ക്ക് ഒരു കുഴപ്പവും വരില്ല..കാരണം നിങ്ങള്‍ ഒരു കലാകാരനല്ലെ? ജനമര്യാദ അനുസരിച്ചു പറഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ സെലെബ്രിടി ആയവര്‍ക്ക് എന്തുമാകാം..."ഇങ്ങനെയൊക്കെ പറയണമെന്ന് എനിക്കും ആഗ്രഹമുണ്ട്. സാധിക്കുന്നില്ല. ഒരുപക്ഷെ എനിക്കും കുഞ്ഞുങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കാം ..നാളെ അവരും ഇതുപോലെ തെറ്റുകളില്‍ ചെന്ന് ചാടാന്‍ തുടങ്ങുമ്പോള്‍ ,സാരമില്ല മോനെ എല്ലാം കഴിഞ്ഞു ചങ്കുറപ്പോട് കൂടി നാല്പേരെ വിളിച്ചു അതൊന്നു ഏറ്റു പറഞ്ഞാല്‍ മതി ,പിന്നെയെല്ലാം ശുഭം, എന്ന് പറയാനുള്ള കരളുറപ്പ് ഇല്ലാത്തത് കൊണ്ടായിരിക്കാം..



ജഗതിയെന്ന കലാകാരനിലെ കലയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഞാനും...എന്നുവച്ച് അയാള്‍ കാണിക്കുന്ന എന്ത് തോന്ന്യാസവും കണ്ണുമടച്ച്ചിറക്കാന്‍ മാത്രം ഹതബുദ്ധിയല്ല താനും...അതിനെ ന്യായീകരിക്കാന്‍ പലരും എഴുതിവിടുന്ന മനോഹരലേഖനങ്ങള്‍ കാണുമ്പോള്‍ ഒരു സംശയം, ഈ കേരളത്തില്‍ താമസ്സിക്കുന്നവരെല്ലാം സായിപ്പുമാരാണോന്ന് ? അന്യ നാടുകളില്‍ ആണ് ജീവിതമെങ്കിലും, കേരളത്തിന്റെ മനോഹര സംസ്കാരത്തില്‍ അഭിമാനം കൊണ്ട് അതെ മാര്‍ഗത്തില്‍ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുകയും, അതിനായി സാധ്യമാകും വിധമെല്ലാം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ മാതാപിതാക്കളും ഇനി അതെല്ലാം നിറുത്തി വച്ച്ചെരെ ,കാരണം കേരളം വെളുക്കുകയാണ്..സായിപ്പുമാരുടെ നാട് പോലെ ..അതല്ലെങ്കില്‍ ഇതെല്ലാം ഇങ്ങനെ ഇത്ര ലഘുവായിക്കാണാന്‍ നമ്മള്‍ ശീലിക്കേണ്ട, ശീലിപ്പിക്കേണ്ട കാര്യമില്ലല്ലോ?

സെലിബ്രിടികല്‍ വെറും സെലിബ്രിടികല്‍ അല്ല.അവരെ അതാക്കിയതില്‍ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപാട് പേര്‍ക്ക് പങ്കുണ്ട്..അതുകൊണ്ട് തന്നെ അവരുടെ ജീവിതങ്ങള്‍ ഒരുപാട് പേരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കെല്ലാമറിയാം. അങ്ങനെയൊരവസ്ഥയില്‍ തോന്നുന്നതെല്ലാം ചെയ്യാം, ചെയ്യുന്നതെല്ലാം വിളിച്ചുപറയാം എന്നൊരവസ്ഥയിലേക്ക് എല്ലാ നടീ നടന്മാരും, മറ്റുള്ള കലാസാഹിത്യരാഷ്ട്രീയ പ്രതിഭകളും നീങ്ങിയാല്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും സാധിക്കുന്നില്ല ..ഇപ്പോള്‍ തന്നെ ബഹുജനങ്ങളെ ഭയന്നാണ് പലരും കുറച്ചെങ്കിലും ധാര്‍മിക സദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ പരസ്യമായിട്ടെങ്കിലും നില്‍ക്കുന്നത്..അതല്ലാതെ അതിനിനി ഒരു അനുവാദപത്രം പതിച്ചു നല്‍കാനാണ് നമ്മുടെയൊക്കെ പധ്ധതിയെങ്കില്‍, ഒന്നോര്‍ത്തു വച്ചോ, നാളെ നമ്മുടെ മക്കളും ആ വഴിയെ പോകും...അന്നും കാണണം ഈ മൂഢനയത്തോടുള്ള അനുഭാവം